പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിലും മറ്റ് വിവാദങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പരാജയം സമ്മതിച്ചതായി കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തിൽ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നടപടി ഉണ്ടാവാത്തതിലൂടെ സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികൾക്ക് സി.പി.എമ്മിൻ്റെ രക്ഷാകവചം ലഭിക്കുന്നുവെന്നും സണ്ണി ജോസഫ് വിമർശിച്ചു.(Party's shield for Sabarimala gold theft suspects, says Sunny Joseph)
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാർ ജയിലിലാണ്, എൻ. വാസു അകത്താണ്. ഇത്തരം ഗുരുതര സംഭവങ്ങളിൽ പാർട്ടി നടപടിയുണ്ടായില്ല. നടപടിയെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. ജില്ലാ കമ്മിറ്റിയിൽ കയ്യാങ്കളി നടത്തിയ ആളാണ് പത്മകുമാർ. പാർട്ടിയെ വെല്ലുവിളിച്ച് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ ആൾക്കെതിരെ പോലും നടപടിയില്ല.
ഹൈക്കോടതി ഇന്നലെ നടത്തിയ നിരീക്ഷണത്തിൽ നിന്ന് കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, അന്വേഷണത്തിൻ്റെ വേഗം പോരെന്നും സണ്ണി ജോസഫ് വിമർശിച്ചു. നഷ്ടപ്പെട്ട സ്വർണം എത്രയാണെന്നോ അത് ആർക്ക് വിറ്റെന്നോ ഉള്ള കാര്യങ്ങളൊന്നും എസ്.ഐ.ടി. ഇതുവരെ കണ്ടെത്തിയിട്ടില്ല. എസ്.ഐ.ടി. പ്രതികളെ സംരക്ഷിക്കുന്നുവെന്നും പ്രതികൾക്ക് സല്യൂട്ട് അടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം മനഃപൂർവം നീട്ടി കൊണ്ടുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുന്നുവെന്നായിരുന്നു സണ്ണി ജോസഫിൻ്റെ മറ്റൊരു വിമർശനം. സ്വർണ്ണക്കൊള്ള മുൻനിർത്തി സി.പി.എമ്മിനെ ജനങ്ങളുടെ മുന്നിൽ വിചാരണ ചെയ്യുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ചരിത്ര വിജയം നേടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.