പത്തനംതിട്ട: പാരഡി ഗാനത്തിന്റെ പേരിൽ കേസ് നൽകിയ പരാതിക്കാരന്റെ സംഘടനയെക്കുറിച്ച് അന്വേഷിക്കും. പ്രസാദ് കുഴിക്കാല സെക്രട്ടറിയായ തിരുവാഭരണ പാത സംരക്ഷണ സമിതിക്കെതിരെയാണ് ഇത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി റജിസ്ട്രേഷൻ വകുപ്പ് ഐ.ജിക്ക് കൈമാറി.(Parody song case, Investigation to be conducted against complainant's organization)
അഭിഭാഷകനായ കുളത്തൂർ ജയ്‌സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേ പേരിൽ മറ്റൊരു സംഘടന കൂടി രംഗത്തുവന്നതോടെയാണ് പ്രസാദ് കുഴിക്കാലയുടെ സംഘടനയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടത്. വിവാദമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഉടനടി അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന.
പ്രതി ചേർക്കപ്പെട്ടവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പോലീസ് തീരുമാനം. ഗാനം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അത് നീക്കം ചെയ്യാൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പാരഡി ഗാനത്തിനെതിരെ പ്രസാദ് കുഴിക്കാല പരാതി നൽകിയത്. എന്നാൽ പരാതിക്കാരന്റെ സംഘടന തന്നെ ഇപ്പോൾ നിഴലിലായതോടെ കേസിന് പുതിയൊരു വശം കൂടി കൈവന്നിരിക്കുകയാണ്.