പാലക്കാട്: സിപിഎമ്മും ബിജെപിയും തമ്മിൽ പാലക്കാട് രാഷ്ട്രീയ ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം മന്ത്രി എം.ബി. രാജേഷ് തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും, മണ്ഡലത്തിൽ ഇടതുമുന്നണി വിജയിക്കുമെന്ന ഭയമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(Panic is behind the allegations, Minister MB Rajesh against VD Satheesan)
പാലക്കാട്ടുകാരനായ, ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള മികച്ച സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് മുന്നണി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് കൈവിട്ടുപോയ പാലക്കാട്, മണ്ണാർക്കാട് സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കുക എന്നതാണ് എൽഡിഎഫിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ജനങ്ങൾ ഇത്തവണ വിധിയെഴുതും. രാഷ്ട്രീയ മത്സരത്തിനിടയിൽ വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് പാലക്കാട്ടെ വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

