തിരുവനന്തപുരം: കന്യാകുമാരി മുട്ടം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പൽ നിലവിൽ വിഴിഞ്ഞം പുറംകടലിൽ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.(Panama ship that rammed fishing boat taken into custody)
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ചിറക്കര സ്വദേശി രാജേഷ് മാത്യുവിന്റെ ട്രോളിങ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുട്ടം തീരത്തുനിന്ന് 57 നോട്ടിക്കൽ മൈൽ അകലെ വിശ്രമിക്കുകയായിരുന്ന ബോട്ടിലേക്ക് എണ്ണക്കപ്പൽ ഇടിച്ചുകയറുകയായിരുന്നു.
അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒൻപതു പേരെ കപ്പൽ ജീവനക്കാർ തന്നെ രക്ഷപ്പെടുത്തി. എന്നാൽ കടലിൽ വീണ രണ്ടുപേർക്കായി കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്. കൊച്ചിയിൽ നിന്നുള്ള ചീഫ് സർവേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കപ്പലിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

