Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKeralaപ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം: മന്ത്രി PA മുഹമ്മദ് റിയാസിന്...

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം: മന്ത്രി PA മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, ബഹിഷ്ക്കരിച്ച് സർക്കാർ | PM Modi

🎙️ Latest Podcast

കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന ദേശീയപാത 66-ലെ ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.(PA Mohammed Riyas not invited in National Highway inauguration by PM Modi)

സംസ്ഥാന സർക്കാരിന്റെ കൂടി സാമ്പത്തിക പങ്കാളിത്തത്തോടെ പൂർത്തിയാക്കിയ പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കലിനായി വലിയൊരു തുക സംസ്ഥാനം ചിലവഴിച്ചിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്ഥാന സർക്കാരാണ്. ഇത്തരത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ല. എൽഡിഎഫ് സർക്കാരിന് പകരം മറ്റൊരു സർക്കാരായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരും ചടങ്ങിലെത്തില്ല.

പരിപാടിയുടെ അറിയിപ്പ് വൈകിയാണ് ലഭിച്ചതെന്നും മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. അസൗകര്യങ്ങൾ ഉള്ളതിനാൽ ചടങ്ങിന് എത്തില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.