തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ഒരിക്കലും കരുതരുത്.
നരാധമന്മാരായ ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കിയെ മതിയാകുവെന്നും നടപടി ഉണ്ടാകുന്നതുവരെ കോണ്‍ഗ്രസും യു.ഡി.എഫും സമരം തുടരും.ക്രൂരമായ മർദ്ദന ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കണ്ടിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ഈ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നത്. അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ഇങ്ങനെ ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.