ആലപ്പുഴ:അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. സുധാകരന്റെ മത്സരം വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ അതിനാൽ ആലപ്പുഴയിലെ സി.പി.എമ്മിന് “ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല” എന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിയെ തള്ളിപ്പറയേണ്ട തരത്തിലുള്ള ഒരു ദ്രോഹവും സി.പി.എം സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Nothing will happen if G Sudhakaran contests, says Saji Cherian)
അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും മുതിർന്ന നേതാക്കൾ അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നു. അദ്ദേഹത്തെ ഒപ്പം നിർത്തി മുന്നോട്ടുപോകാനാണ് പാർട്ടി എപ്പോഴും ആഗ്രഹിച്ചത്.
ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നൽകി വളർത്തിയ പാർട്ടിയെ എന്തിനാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സജി ചെറിയാൻ ചോദിച്ചു. ആലപ്പുഴയിലെ പാർട്ടി സംവിധാനം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നത്. അമ്പലപ്പുഴയിലെ വോട്ടർമാർ പാർട്ടി ചിഹ്നത്തിനും രാഷ്ട്രീയത്തിനുമാണ് വോട്ട് ചെയ്യുന്നത്, വ്യക്തികൾക്കല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് ഇടതുമുന്നണിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക പ്രവർത്തകർക്കിടയിലുണ്ട്. തൻ്റെ വസതിയിൽ വാർത്താസമ്മേളനം വിളിച്ചാണ് അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

