തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇറാൻ അനുകൂല പ്രസ്താവന പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്ട്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (Nothing is said about attacking GCC countries where Malayalis live, Rajeev Chandrasekhar criticizes Chief Minister)
യുദ്ധം പാടില്ലെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. ബിജെപി ഇറാനെ തള്ളുന്നില്ല. ഇറാൻ കപ്പലിന് സംരക്ഷണം നൽകിയത് പോലും കേന്ദ്രസർക്കാരാണ്. എന്നാൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഗ്യാരന്റി പ്രഖ്യാപനങ്ങൾ വെറും രാഷ്ട്രീയ നാടകമാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും സർക്കാരുകൾ സാമ്പത്തികമായി തകർന്നുനിൽക്കുകയാണ്. ശമ്പളം നൽകാൻ പോലും പണമില്ലാത്തവരാണ് പുതിയ വാഗ്ദാനങ്ങൾ നൽകുന്നത്.
കെഎസ്ആർടിസിയിൽ നിലവിൽ ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നത് വൻ തട്ടിപ്പാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യ പ്രശ്നത്തിൽ ബിജെപി ഭരണസമിതിയെ കുറ്റപ്പെടുത്തുന്നതിൽ, പത്ത് വർഷമായി ഭരിച്ചിട്ടും ഒന്നും ചെയ്യാത്തവരാണ് ഒന്നര മാസം മാത്രം പ്രായമായ ബിജെപി ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

