പത്തനംതിട്ട: അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫെനി നൈനാൻ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പത്തനംതിട്ട സൈബർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Not afraid, not backing down, Fenni Ninan says he will approach the High Court on case regarding Rahul Mamkootathil issue)
പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയോ അവരെപ്പറ്റി അശ്ലീല പരാമർശം നടത്തുകയോ ചെയ്തിട്ടില്ല. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വായിക്കുന്നവർക്ക് അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
വെറും സ്ക്രീൻഷോട്ടുകൾ മാത്രമല്ല, പരാതിക്കാരിയുമായി സംസാരിച്ച മുഴുവൻ ചാറ്റുകളും തന്റെ കൈവശമുണ്ടെന്നും അവ അഭിഭാഷകരെ ഏൽപ്പിച്ചതായും ഫെനി വ്യക്തമാക്കി. കേസ് വന്നതുകൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. ജാമ്യത്തിനായി കോടതിയെ സമീപിക്കും.
രാഷ്ട്രീയ വേട്ടയാടലിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ഉറപ്പിച്ചു പറഞ്ഞു."ഫെനി നൈനാൻ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല" എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.