
മലപ്പുറം: നിപ ബാധയിൽ വീണ്ടും കേരളത്തിന് ആശ്വാസം. 13 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു (Nipah in Malappuram) . രോഗം ബാധിച്ച് മരിച്ച യുവാവുമായി നേരിട്ട് ബന്ധമുള്ള 13 പേരുടെ ഫലമാണ് പുറത്തുവന്നത്. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആകെ 175 പേരാണ് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 26 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ പരിശ്രമവുമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.