
തിരുവനന്തപുരം : സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്, (National quality accreditation )) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോർ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രി പറഞ്ഞു.
കണ്ണൂർ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം സ്‌കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93 ശതമാനം സ്‌കോറും, തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 ശതമാനം സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയത്.
ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 81 ആശുപത്രികൾ പുന:അംഗീകാരവും നേടി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 118 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതൽ സഹായിക്കും.