വെറും 'കതക് പാളികൾ' : ശബരിമല സ്വർണ്ണക്കൊള്ളയിൽ പഴയ വാതിലിൻ്റെ മഹസറിലും' ദുരൂഹത | Sabarimala

പുതിയ തേക്ക് തടിയിൽ ചെമ്പ് പൊതിഞ്ഞ് 40 പവൻ സ്വർണ്ണം പൂശിയാണ് പോറ്റി വാതിൽ കൊണ്ടുവന്നതെന്നും മഹസറിൽ പറയുന്നു
വെറും 'കതക് പാളികൾ' : ശബരിമല സ്വർണ്ണക്കൊള്ളയിൽ പഴയ വാതിലിൻ്റെ മഹസറിലും' ദുരൂഹത | Sabarimala
Published on

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് പുതിയ സ്വർണവാതിൽ സമർപ്പിച്ചപ്പോൾ തയ്യാറാക്കിയ മഹസറിൽ അടിമുടി ദുരൂഹത. സ്വർണ്ണം പൊതിഞ്ഞ പഴയ വാതിൽ മാറ്റി സ്ഥാപിച്ചതിന്റെ മഹസറിൽ, മാറ്റിയ വാതിലിനെ 'വെറും കതക് പാളികൾ' എന്ന് മാത്രം രേഖപ്പെടുത്തിയതാണ് സംശയങ്ങൾക്ക് വഴിവെക്കുന്നത്.(Mystery lurks in the old door's mahasar in Sabarimala gold theft case)

വിജയ് മല്യ 1999-ൽ രണ്ടര കിലോ (315 പവൻ) സ്വർണ്ണം പൊതിഞ്ഞ പഴയ വാതിൽ മാറ്റിയാണ് ഉണ്ണികൃഷ്ണൻ പോറ്റി 2019-ൽ പുതിയത് സമർപ്പിച്ചത്. 2019 മാർച്ച് 11-ന് തയ്യാറാക്കിയ സ്ഥല മഹസറിൽ, മുരാരി ബാബു ഉൾപ്പെട്ട ഉദ്യോഗസ്ഥർ സ്വർണ്ണവാതിലിനെ "വെറും കതക് പാളികൾ" എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുതിയ തേക്ക് തടിയിൽ ചെമ്പ് പൊതിഞ്ഞ് 40 പവൻ സ്വർണ്ണം പൂശിയാണ് പോറ്റി വാതിൽ കൊണ്ടുവന്നതെന്നും മഹസറിൽ പറയുന്നു. പഴയ വാതിൽ പാളികൾ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ ഏൽപ്പിച്ചതായും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ തയ്യാറാക്കിയ മഹസറിൽ പറയുന്നു.

സ്വർണം എന്നറിഞ്ഞിട്ടും ചെമ്പ് എന്ന വ്യാജരേഖ ഉണ്ടാക്കിയത് പോലെ, വാതിലിന്റെ മഹസറിലും മനഃപൂർവം കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. പുതിയ വാതിൽ വന്നപ്പോൾ പഴയ കതക് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നുവെന്നാണ് ദേവസ്വം ബോർഡിന്റെ വാദം.

എന്നാൽ, സ്വർണക്കൊള്ള വിവാദം തുടങ്ങിയ സമയത്താണ് കതക് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയതെന്നും അതുവരെ അഭിഷേക കൗണ്ടറിന് സമീപം ആലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നുവെന്നും സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) കണ്ടെത്തി. മഹസറിലെ ഈ ദുരൂഹത ഉൾപ്പെടെ പരിഗണിച്ചാണ്, പഴയ വാതിലിലെ സ്വർണവും പോറ്റിയും സംഘവും ചേർന്ന് കവർന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ എസ്.ഐ.ടി.ക്ക് ഹൈക്കോടതി നിർദേശം നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com