പത്തനംതിട്ട: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുന്നു എന്ന അഭ്യൂഹങ്ങൾ തള്ളി പ്രമോദ് നാരായണൻ എം.എൽ.എ. മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും നിലവിൽ പ്രസക്തിയില്ലെന്നും പാർട്ടി ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(MLA says that the talks are irrelevant, Kerala Congress M to stand firm)
ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജോസ് കെ. മാണി തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നും അതിനപ്പുറം പുറത്തുവരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.
ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു. പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ചർച്ചകളെന്ന് ജോസ് കെ. മാണി ആരോപിച്ചിരുന്നു. നേതാക്കൾ പരസ്യമായി നിഷേധിക്കുമ്പോഴും അണിയറയിൽ മുന്നണി മാറ്റത്തിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾ സജീവമാണ്. മറ്റന്നാൾ ചേരുന്ന പാർട്ടിയുടെ നിർണ്ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗത്തോടെ ഇതിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.