Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'വിരട്ടാൻ വരേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല': നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച്...

‘വിരട്ടാൻ വരേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല’: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി V ശിവൻകുട്ടി | Kerala Assembly Session

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും വെല്ലുവിളിയും. ശബരിമല സ്വർണ്ണക്കൊള്ളയും രാഷ്ട്രീയ പ്രതികൾക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പരോൾ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.(Minister V Sivankutty lashes out at the opposition in the Kerala Assembly Session)

ചോദ്യോത്തര വേളയ്ക്കിടെയാണ് മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷവും തമ്മിൽ കൊമ്പുകോർത്തത്. മുദ്രാവാക്യം വിളിക്കാനും പ്രതിഷേധിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും എന്നാൽ ഭരണപക്ഷത്തെ വിരട്ടാൻ നോക്കേണ്ടെന്നും മന്ത്രി പറഞ്ഞു. “ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല, ജനവിധി നേടി വന്നവരാണ്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്വർണ്ണക്കള്ളൻ സഭയിലിരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്, സ്വർണ്ണക്കള്ളന്മാർ സോണിയാ ഗാന്ധിയെ കാണാനാണ് പോയതെന്ന് മന്ത്രി തിരിച്ചടിച്ചു. ബ്രേസ്ലെറ്റ് വാങ്ങിയത് ആരാണെന്ന് കടകംപള്ളി സുരേന്ദ്രനും, പ്രതിപക്ഷത്തെ പരിഹസിച്ച് കെ.ടി. ജലീലും രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. രാഷ്ട്രീയ തടവുകാർക്ക് ചട്ടവിരുദ്ധമായി പരോൾ നൽകുന്നുവെന്നാരോപിച്ച് കെ.കെ. രമ എം.എൽ.എ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി.

പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഒരു മാസം തികയും മുമ്പ് പരോൾ നൽകിയെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സർക്കാർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാനാണോ സഭയെന്നും അദ്ദേഹം ചോദിച്ചു. പരോൾ നൽകുന്നത് കൃത്യമായ ചട്ടങ്ങൾ പാലിച്ചാണെന്നും പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണിതെന്ന് സ്പീക്കറും വ്യക്തമാക്കി. ചർച്ചയ്ക്ക് ധൈര്യമില്ലേ എന്ന പ്ലക്കാർഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.