പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ബോർഡ് യോഗങ്ങളുടെ നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാനാണ് പുതിയ ഉത്തരവ്.(Matters not approved by the President will not be considered in the meeting, Travancore Devaswom Board makes strict reforms)
പ്രസിഡന്റിന്റെ അനുവാദമില്ലാത്ത ഒരു വിഷയവും ഇനി ബോർഡ് യോഗത്തിന്റെ പരിഗണനയ്ക്ക് വിടാൻ പാടില്ല. പ്രസിഡന്റ് അംഗീകരിക്കുന്ന വിഷയങ്ങൾ യോഗത്തിന് മുൻപ് തന്നെ കുറിപ്പുകളായി മറ്റ് അംഗങ്ങൾക്ക് നൽകിയിരിക്കണം. ബോർഡ് ഒപ്പിട്ട് നൽകുന്ന തീരുമാനത്തിന്റെ 'മിനുട്സ് അടുത്ത ബോർഡ് യോഗത്തിൽ വെച്ച് സ്ഥിരീകരിക്കണം.
വിഷയങ്ങൾ മുൻകൂട്ടി അറിയാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും കെ. ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. മുൻപ് ബോർഡ് മിനിട്സിൽ അംഗങ്ങൾ അറിയാതെ പത്മകുമാർ തിരുത്തൽ വരുത്തിയതടക്കമുള്ള വിഷയങ്ങൾ വിവാദമായിരുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കാനാണ് നിലവിലെ നടപടി. പുതിയ പരിഷ്കാരങ്ങൾ ദേവസ്വം ബോർഡിന്റെ ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയും ഉത്തരവാദിത്തവും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.