
ചങ്ങനാശ്ശേരി: കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആചാര്യനായ ഭാരത കേസരി ശ്രീ. മന്നത്ത് പത്മനാഭന്റെ 148–ാം ജയന്തി ആഘോഷങ്ങൾക്കായി പെരുന്ന എൻ.എസ്.എസ് ആസ്ഥാനം ഒരുങ്ങി(Mannam Jayanthi). വൈദ്യുത ദീപാലങ്കാരങ്ങളാൽ എൻ.എസ്.എസ് ആസ്ഥാനവും പരിസരവും നിറഞ്ഞു നിൽക്കുകയാണ്. നാളെയും മറ്റന്നാളുമായാണ് ആഘോഷങ്ങൾ നടക്കുക.
നാളെ രാവിലെ 6.30 ന് ഭക്തി ഗാനാലാപനത്തോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.15ന് അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എൻ.എസ്.എസ്ന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരണം നടത്തുന്ന ചടങ്ങിൽ എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. വൈകിട്ട് 3 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും 6.30 ന് നടി രമ്യാ നമ്പീശൻ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ഉണ്ടായിരിക്കും. രാത്രി 9 ന് ശ്രീവല്ലഭവിലാസം കഥകളിയോഗം തിരുവല്ലയുടെ "ഉത്തരാസ്വയംവരം" കഥകളി അരങ്ങേറും.
മന്നം ജയന്തി ദിനമായ വ്യാഴായ്ച്ച രാവിലെ മുതൽ ഭക്തി ഗാനാലാപനം. 7 മണി മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 8 ന് നാഗസ്വരക്കച്ചേരി. 10.30 ന് ജയന്തി സമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 10.45 ന് ജയന്തി സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എം.പി അനുസ്മരണ പ്രഭാഷണം നിർവഹിക്കും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും.
പെരുന്നയിലെ ഒരുക്കങ്ങൾ ഇങ്ങനെ: പെരുന്ന മന്നം നഗർ (വിദ്യാഭ്യാസ സമുച്ചയ മൈതാനം) ആണ് വേദി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗം ഭാരവാഹികൾക്കും പ്രവർത്തകർക്കും എൻ.എസ്. എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിൽ താമസസൗകര്യം. എൻ.എസ്.എസ് ഹിന്ദു കോളജ് ക്യാംപസിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്ഷണത്തിനുള്ള ക്രമീകരണം. ഒരേ സമയം രണ്ടായിരത്തിലധികം പേർക്കു ഭക്ഷണം കഴിക്കാം. എൻ.എസ്സ്.എസ് ഹിന്ദു കോളജ് മൈതാനം, കൺവൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പാട് ചെയ്തിരിക്കുന്നത്. സമുദായാചാര്യന് പ്രാർഥനാ പുഷ്പങ്ങൾ അർപ്പിക്കാൻ പതിനായിരക്കണക്കിനു സമുദായാംഗങ്ങൾ പെരുന്നയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.