മണ്ഡല - മകരവിളക്ക് തീർത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ സ്ഥാനമേൽക്കും | Sabarimala

സുരക്ഷിതവും സുഗമവുമായ തീർത്ഥാടനമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Mandala - Makaravilakku Pilgrimage, Sabarimala temple to open today
Published on

പത്തനംതിട്ട: സ്വർണക്കൊള്ള വിവാദങ്ങൾക്കിടെ, മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് (നവംബർ 16, ഞായർ) വൈകുന്നേരം തുറക്കും. പുതിയ ശബരിമല മേൽശാന്തിയായി ഇ.ഡി. പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം.ജി. മനുവും ഇന്ന് സ്ഥാനമേൽക്കും.(Mandala - Makaravilakku Pilgrimage, Sabarimala temple to open today)

വൈകിട്ട് 5 മണിക്ക് നട തുറക്കുമ്പോൾ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ പുതിയ മേൽശാന്തിമാർ സ്ഥാനമേൽക്കുന്ന ചടങ്ങുകൾ നടക്കും. നിലവിലെ മേൽശാന്തിമാർ പുതിയ മേൽശാന്തിമാർക്ക് താക്കോൽ കൈമാറി അവരെ ശ്രീകോവിലിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകും.

പ്രതിദിനം 90,000 പേർക്കാണ് ഇത്തവണ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതിൽ 70,000 പേർക്ക് ഓൺലൈൻ വഴിയും 20,000 പേർക്ക് തൽസമയ ബുക്കിംഗ് വഴിയുമാണ് പ്രവേശനം അനുവദിക്കുക. ആദ്യ ദിവസങ്ങളിലെ ഓൺലൈൻ ബുക്കിംഗ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇന്ന് മാത്രം ഏകദേശം 30,000 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.

പമ്പയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റി വിടും. സ്വർണ്ണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശാസ്ത്രീയ പരിശോധനകൾ നാളെ നടക്കും. നാളെ ഉച്ചയ്ക്ക് നട അടച്ച ശേഷം ദ്വാരപാലക പാളികൾ, കട്ടിള പാളികൾ എന്നിവയിൽ നിന്ന് കേസിലെ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കും. സന്നിധാനത്തെ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട നടപടികളും സമാന്തരമായി തുടരുകയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് സന്നിധാനത്ത് എത്തും. മറ്റന്നാൾ മുതൽ പുലർച്ചെ 3 മണിക്ക് നട തുറക്കും. തുടർന്ന് 3 മണി മുതൽ 3:30 വരെ നിർമ്മാല്യം, അഭിഷേകം എന്നിവ നടക്കും. രാവിലെ 7:30 മുതൽ 8 മണി വരെയാണ് ഉഷ പൂജയുടെ സമയം. ഉച്ചപൂജ 12 മണിക്കാണ്. വൈകുന്നേരം 6:30-ന് ദീപാരാധന നടക്കും. രാത്രി 9:15 മുതൽ അത്താഴ പൂജ ആരംഭിക്കും. രാത്രി 10:45-ന് ഹരിവരാസനം ചൊല്ലി 11:00 മണിയോടെ ക്ഷേത്രനട അടയ്ക്കും.

തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ വിപുലമായ ആരോഗ്യ സേവനങ്ങളാണ് ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ ഒരുക്കിയിട്ടുള്ളത്. പമ്പ മുതൽ സന്നിധാനം വരെയുള്ള ട്രെക്കിംഗ് പാതയിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കി. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയെ ബേസ് ആശുപത്രിയായി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് ഉടനടി ചികിത്സ നൽകാനായി കനിവ് 108 ആംബുലൻസ് സേവനങ്ങളും, സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് പ്രത്യേക ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. ഈ മണ്ഡലകാലത്ത് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com