ശരണം വിളികളാൽ മുഖരിതമായി സന്നിധാനം: ഇന്ന് മകരവിളക്ക് മഹോത്സവം, കർശന നിയന്ത്രണങ്ങൾ | Makaravilakku

രണ്ട് ജില്ലകളിൽ പ്രാദേശിക അവധി
ശരണം വിളികളാൽ മുഖരിതമായി സന്നിധാനം: ഇന്ന് മകരവിളക്ക് മഹോത്സവം, കർശന നിയന്ത്രണങ്ങൾ | Makaravilakku
Updated on

സന്നിധാനം: കലിയുഗവരദനായ മണികണ്ഠന്റെ മകരവിളക്ക് മഹോത്സവം ഇന്ന് ശബരിമലയിൽ നടക്കും. മകരസംക്രമ പൂജയ്ക്കായി അയ്യപ്പസന്നിധാനം സർവ്വ സജ്ജമായി. ഇന്ന് ഉച്ചയ്ക്ക് 2.50-നാണ് പുണ്യമായ മകരസംക്രമ പൂജകൾ ആരംഭിക്കുന്നത്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി ഒന്നരലക്ഷത്തോളം തീർത്ഥാടകർ മകരജ്യോതി ദർശനത്തിനായി എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.(Makaravilakku festival today, strict restrictions in Sabarimala)

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും. മൂന്ന് പേടകങ്ങളിലായാണ് തിരുവാഭരണങ്ങൾ എത്തിക്കുന്നത്. ഒന്നാം പേടകത്തിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുമുഖവും ആഭരണങ്ങളും, രണ്ടാം പേടകത്തിൽ കളഭാഭിഷേകത്തിനുള്ള സ്വർണ്ണക്കുടവും, മൂന്നാം പേടകത്തിൽ എഴുന്നള്ളിപ്പിനുള്ള ജീവത, നെറ്റിപ്പട്ടം, കൊടികളുമാണ്.

മരുതമന ശിവൻകുട്ടി ഗുരുസ്വാമിയാണ് ഇത്തവണ തിരുവാഭരണ വാഹക സംഘത്തെ നയിക്കുന്നത്. രാജപ്രതിനിധി പി.എൻ. നാരായണ വർമ്മ യാത്രയെ അനുഗമിക്കുന്നുണ്ട്. വൈകിട്ട് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് പിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

തിരക്ക് കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ മലകയറാൻ അനുവദിക്കില്ല. വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കുമാണ് പ്രവേശനം.

തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദർശിക്കുന്നതിന് ദേവസ്വം ബോർഡിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ പാസ് നിർബന്ധമാണ്.

മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയിൽ ഇന്ന് (ബുധനാഴ്ച) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ, തൈപ്പൊങ്കൽ പ്രമാണിച്ച് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെയും (വ്യാഴം) അവധിയായിരിക്കും. എന്നാൽ പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്കായി പമ്പയിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. അടുത്ത തീർത്ഥാടന കാലത്തെക്കുറിച്ചുള്ള ആസൂത്രണത്തിനായി ഫെബ്രുവരി 6-ന് എല്ലാ വകുപ്പുകളുടെയും യോഗം ചേരുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com