

പത്തനംതിട്ട: മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തർക്കായി പമ്പയിൽ 1000 ബസുകൾ സജ്ജമാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലാദ്യമായാണ് മടക്കയാത്രയ്ക്കായി ഇത്രയധികം ബസുകൾ ഒരു കേന്ദ്രത്തിൽ മാത്രം ക്രമീകരിക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് വകുപ്പ് നടത്തിയിട്ടുള്ളത്.(Makaravilakku, 1000 KSRTC buses in Pampa for devotees)
നിലവിൽ പമ്പയിലുള്ള 204 ബസുകൾക്കും വിവിധ സ്പെഷ്യൽ സെന്ററുകളിൽ നിന്നുള്ള 248 ബസുകൾക്കും പുറമെ, മകരവിളക്ക് പ്രമാണിച്ച് 548 ബസുകൾ കൂടി പുതുതായി എത്തിക്കും. മകരജ്യോതി ദർശനത്തിന് ശേഷം ഭക്തർക്ക് നിലയ്ക്കലിലേക്ക് എത്തുന്നതിനും വിവിധ ദീർഘദൂര സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനുമായി ഈ ബസുകൾ ഉപയോഗിക്കും.
മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ശുദ്ധിക്രിയകൾ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50-ന് മകരസംക്രമ പൂജകൾ നടക്കും. വൈകിട്ട് പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധനയും തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനവും നടക്കും. മരുതമന ശിവൻകുട്ടിയാണ് ഇത്തവണ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി.
വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനം. ഏകദേശം ഒന്നര ലക്ഷത്തോളം പേർ ദർശനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് രാവിലെ 11 മണി മുതൽ പമ്പയിൽ നിന്ന് ഭക്തരെ മലകയറാൻ അനുവദിക്കില്ല. രാവിലെ 10 മണി മുതൽ നിലയ്ക്കൽ-പമ്പ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ സന്നിധാനത്ത് എത്തുന്നതോടെ ചടങ്ങുകൾക്ക് ഭക്തിനിർഭരമായ പൂർണ്ണതയാകും. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ വലിയ പോലീസ് സന്നാഹവും പമ്പയിലും സന്നിധാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.