കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കും ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച എം.എ. ഷഹനാസിനെ കെ.പി.സി.സി. സാംസ്കാരിക സാഹിതി വാട്‌സാപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന തന്റെ പരാതി ഷാഫി പറമ്പിൽ പരിഗണിച്ചില്ലെന്നായിരുന്നു ഷഹനാസിന്റെ പ്രധാന ആരോപണം.(MA Shahnaz removed from KPCC Cultural Literary WhatsApp group)
രാഹുൽ മാങ്കൂട്ടത്തിൽ മോശമായി സന്ദേശം അയച്ചതിൻ്റെ തെളിവുണ്ടെന്ന് അവർ പറഞ്ഞിരുന്നു. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറമ്പിൽ പറയുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്നും അവർ മുന്നറിയിപ്പ് നൽകി. പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.
മഹിളാ കോൺഗ്രസിലെ രാഹുലിന്റെ അമ്മയുടെ പ്രായമുള്ള മുതിർന്ന സ്ത്രീകൾക്കും ദുരനുഭവം ഉണ്ടായതായി ഷഹനാസ് വെളിപ്പെടുത്തി. രാഹുലിനെതിരെ പരാതി പറയാത്ത മുഴുവൻ സ്ത്രീകളുടെ മൗനത്തിനും ഷാഫി പറമ്പിൽ ഉത്തരം പറയണമെന്നും, അത് മനസ്സിലാക്കിയാണ് ഷാഫിയോട് പരാതി പറഞ്ഞതെന്നും ഷഹനാസ് ആരോപിച്ചു.