തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിക്കുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതിലാണ് പ്രതിഷേധമെങ്കിലും, കേന്ദ്രത്തിന്റെ സംഘാടന രീതികളോടുള്ള കടുത്ത വിയോജിപ്പും മന്ത്രിമാർ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ല.(Last time, they asked for Aadhaar card, says Minister MB Rajesh)
മുൻപ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലുണ്ടായ ദുരനുഭവം മന്ത്രി എം.ബി. രാജേഷ് പങ്കുവെച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ചത് അനുസരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എസ്.പി.ജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ചോദിച്ച് തടഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പാസ് കൈവശമുണ്ടായിട്ടും കൂടുതൽ രേഖകൾ ചോദിച്ചത് അപമാനിക്കുന്നതിന് തുല്യമാണ്. ആധാർ കാണിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് അന്ന് മടങ്ങിപ്പോകാൻ ഒരുങ്ങിയ തന്നെ പ്രോട്ടോക്കോൾ ഓഫീസർ ഇടപെട്ടാണ് തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ പരിപാടിയെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചത് ഇന്നലെ മാത്രമാണെന്നും എം.ബി. രാജേഷ് പറഞ്ഞു. തനിക്ക് മണ്ഡലത്തിൽ മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികളുണ്ടെന്നും അദ്ദേഹം അറിയിച്ചു.

