തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ആരോപിച്ചു. നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടിനൽകാനുള്ള സർക്കാർ നീക്കം ഈ സംരക്ഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.(KPCC President Sunny Joseph says Govt is protecting the accused)
തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്. കേസിൽ ഹൈക്കോടതി നിരീക്ഷണങ്ങൾ നടത്തി ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സർക്കാരിന്റെ നിലപാട് ദേവസ്വം ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ സംരക്ഷിക്കുന്നതാണ്.
കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നതിന് നടപടികളില്ല. അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഈ കേസ് തെളിയിക്കപ്പെടാത്ത കേസായി ഒതുങ്ങിപ്പോകുമായിരുന്നു.
ബോർഡിന്റെ കാലാവധി നീട്ടി നൽകുന്നതിന് പകരം നിലവിലെ ദേവസ്വം ബോർഡ് പിരിച്ചുവിടണം. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും വേണം.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി എസ്.ഐ.ടി. അന്വേഷണത്തിന് അനുമതി നൽകുകയും ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റിന്റെ ഈ ആരോപണം.