രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുക്കാൻ സമയം ആയിട്ടില്ലെന്ന് KPCC പ്രസിഡൻ്റ് : ഇത്തരം ആൾ കോൺഗ്രസിൽ വേണ്ടെന്ന് K മുരളീധരൻ | KPCC

വ്യക്തിജീവിതത്തിലെ അപചയത്തിൽ പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് രമേശ് ചെന്നിത്തല
KPCC President says it is not time to take action against Rahul Mamkootathil
Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പരസ്യമായി പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ കടുത്ത ഭിന്നത. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധി കാത്തശേഷം മതി നടപടിയെന്നാണ് കെ.പി.സി.സി.യുടെ തീരുമാനം. എന്നാൽ, ഈ നിലപാടിൽ എ.ഐ.സി.സിക്കും സംസ്ഥാനത്തെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്കും കടുത്ത അമർഷമുണ്ട്.(KPCC President says it is not time to take action against Rahul Mamkootathil)

ചൊവ്വാഴ്ച വൈകീട്ട് കടുത്ത നടപടിയിലേക്ക് പോകണമെന്ന സന്ദേശം കെ.സി. വേണുഗോപാലും ദീപാ ദാസ്മുൻഷിയും മുതിർന്ന നേതാക്കൾക്ക് നൽകിയിരുന്നു. പുറത്താക്കൽ നടപടി ഉടനെന്ന് കെ. മുരളീധരന്റെ പ്രതികരണവും ഇന്നലെ രാവിലെ വന്നിരുന്നു. എന്നാൽ, കോടതി വിധി നോക്കണമെന്ന നിലപാടിലേക്ക് സണ്ണി ജോസഫ് നീങ്ങിയതോടെ നടപടിക്ക് സഡൻ ബ്രേക്കായി.

"രാഹുലിനെതിരെ നടപടി എടുക്കാൻ സമയമായിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കില്ല. ഗോവിന്ദൻ മാഷല്ല എന്റെ മാതൃക," എന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളിൽ പ്രധാനിയാണ് കെ. മുരളീധരൻ. രാഹുലിന് ഇനി പാർട്ടിയിലേക്ക് തിരിച്ചുവരവില്ലെന്ന് മുരളീധരൻ ആവർത്തിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ആൾ കോൺഗ്രസിൽ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

രാഹുലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും രാഹുൽ വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിനെ പോലീസ് പിടിക്കാത്തത് വിഷയം ലൈവായി നിർത്താനാണെന്നും മുരളി ആരോപിച്ചു. "രാഹുലിനെ പിടിക്കാൻ ആയില്ലെങ്കിൽ എന്തിനാണ് പോലീസ് മീശ വെച്ച് നടക്കുന്നത്?" എന്നും അദ്ദേഹം ചോദിച്ചു.

രാഹുലിന് മുൻകൂർ ജാമ്യം കിട്ടിയാൽ പുറത്താക്കൽ വേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വം പോകുമോയെന്ന സംശയമാണ് ഉടനടി നടപടി ആവശ്യപ്പെടുന്നവർക്കുള്ളത്. ജാമ്യാപേക്ഷ തള്ളിയാൽ അതിനുശേഷം നടപടിയെടുക്കുന്നത് കൊണ്ട് പാർട്ടിക്ക് അതിന്റെ നേട്ടം കിട്ടില്ലെന്നും ഇവർ വാദിക്കുന്നു. വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായ അപചയത്തിൽ പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. ഇനിയും വേണ്ടിവന്നാൽ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം ലൈവായതിനാൽ സ്വർണക്കൊള്ള അടക്കം ഉയർത്താനുള്ള ശ്രമം ഫലിക്കുന്നില്ലെന്ന പരിഭവം നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഹുലിനെതിരായ കേസ് ബാധിക്കുമെന്ന ആശങ്ക ചില യു.ഡി.എഫ്. സ്ഥാനാർത്ഥികളും പങ്കുവെക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com