പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. ശങ്കർദാസ് നിലവിൽ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.(KP Shankardas is unconscious in hospital, says defence in Sabarimala gold theft case)
ശങ്കർദാസ് മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിന്റെ ചിത്രങ്ങൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അതിനാൽ മാനുഷിക പരിഗണന നൽകി മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായി മുഖവിലയ്‌ക്കെടുക്കാൻ കോടതി തയ്യാറായില്ല. അറസ്റ്റിൽ നിന്നും അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ബോധപൂർവ്വമായ നീക്കമാണോ ഇതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ശങ്കർദാസിന്റെ ചികിത്സ സംബന്ധിച്ച കൃത്യമായ വിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കോടതി നിർദ്ദേശം നൽകി.
വിദഗ്ധ പരിശോധനാ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്ത ശേഷം മാത്രമേ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. വിശദമായ വാദം കേൾക്കുന്നതിനായി കേസ് ജനുവരി 14-ലേക്ക് മാറ്റി.