കോഴിക്കോട്: എരഞ്ഞിപ്പാലത്തെ വില്ലയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Theft Case). ചേളന്നൂർ പുതിയോട്ടിൽ വീട്ടിൽ മിനി (44) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.എരഞ്ഞിപ്പാലം സ്വദേശി ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലെ ‘സ്‌കൈലൈൻ മെഡോസ്’ വില്ലയിലായിരുന്നു മോഷണം നടന്നത്.
50,000 രൂപയും ഓരോ പവൻ വീതം തൂക്കമുള്ള 20 സ്വർണ്ണനാണയങ്ങളുമാണ് ഫ്‌ളാറ്റിൽ നിന്ന് മിനി കൈക്കലാക്കിയത്.
മോഷണം ശ്രദ്ധയിൽപ്പെട്ട ഷാഹിദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വീട്ടിലെ ജോലിക്കാരിയായ മിനിയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ ഷൈനിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കിരൺ, ലിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കോഴിക്കോട് നഗരത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ശശിധരൻ, രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷൈന, സാജിക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary:
A domestic helper, Mini (44) from Chelannur, was arrested by Nadakkavu police for stealing ₹50,000 and 20 gold coins (one sovereign each) from a flat in Eranhipalam, Kozhikode. Following a complaint from the resident, Shahid Shoukathali, police identified the helper as the culprit and took her into custody. She has been produced before the court and remanded.

