Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaരാജ്യത്തെ ആദ്യ ഇ.എസ്.ജി അഷ്വറൻസ് സർവകലാശാലയായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

രാജ്യത്തെ ആദ്യ ഇ.എസ്.ജി അഷ്വറൻസ് സർവകലാശാലയായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കൊച്ചി: ആഗോള സുസ്ഥിരതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര പരിശോധന വിജയകരമായി പൂർത്തിയാക്കി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ദേശീയ ശ്രദ്ധ നേടി. സുസ്ഥിരതയിലും ഇ.എസ്.ജി പ്രവർത്തനങ്ങളിലും ഇത്തരമൊരു ആഗോള അംഗീകാരം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലയാണിത്. ഔദ്യോഗിക സുസ്ഥിരതാ പങ്കാളിയായ ‘സൈൻ’ആണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ മുൻനിർത്തി പരിശോധന നടത്തിയത്. രാജ്യത്തെ നാനൂറിലധികം സ്വകാര്യ സർവകലാശാലകളിൽ വെച്ച് സ്കോപ്പ് 1, 2, 3 വിഭാഗങ്ങളിലുള്ള കാർബൺ പുറന്തള്ളൽ റിപ്പോർട്ടുകൾ സമഗ്രമായി തയാറാക്കി പുറത്തുവിടുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമെന്ന ചരിത്രനേട്ടവും ഇതോടെ കൊച്ചി ജെയിൻ സർവകലാശാലയ്ക്ക് സ്വന്തമായി. കേരളത്തിൽ ഇത്തരമൊരു സുപ്രധാന ചുവടുവെപ്പ് നടത്തുന്ന ആദ്യ സർവകലാശാല എന്ന നിലയിൽ സുസ്ഥിരതാ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് ഈ സ്ഥാപനം.

സർവകലാശാല പുറത്തുവിട്ട സുസ്ഥിരതാ റിപ്പോർട്ട് പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ കാമ്പസിലെ ആകെ കാർബൺ ഫൂട്ട്പ്രിന്റ് 2,759.41 ടൺ കാർബൺ ഡയോക്സൈഡ് ഇക്വിലന്റ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്. കാമ്പസിലുള്ള വിദ്യാർത്ഥികളിൽ ഓരോരുത്തരുടെയും ശരാശരി കാർബൺ വിഹിതം 1.57 ടണ്ണാണ്. ദേശീയതലത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് കാർബൺ പുറന്തള്ളലിന്റെ ഇടത്തരം വിഭാഗത്തിലാണ് ഉൾപ്പെടുക. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ജി.എച്ച്.ജി പ്രോട്ടോക്കോൾ പ്രകാരമാണ് ഈ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരിക്കുന്നത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ പ്രകാരം പുറന്തള്ളപ്പെടുന്ന കാർബൺ അളവിന്റെ 85 ശതമാനവും മൂല്യവർദ്ധിത ശൃംഖലകളിൽ നിന്നുള്ള സ്കോപ്പ് 3 വിഭാഗത്തിൽ ഉൾപ്പെടും. ഇതിൽ തന്നെ 57 ശതമാനവും കാമ്പസിലെ മാലിന്യങ്ങളിൽ നിന്നാണ് രൂപപ്പെടുന്നത്. വൈദ്യുതി ഉപയോഗത്തിലൂടെയുള്ള പുറന്തള്ളൽ 12 ശതമാനവും കാമ്പസിലെ വാഹനങ്ങളും എയർ കണ്ടീഷനിംഗും വഴിയുള്ള നേരിട്ടുള്ള പുറന്തള്ളൽ മൂന്ന് ശതമാനവുമാണ്. മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുന്നതിലൂടെയും സുസ്ഥിരമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിലൂടെയും ഈ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.

സുസ്ഥിരത മുൻനിർത്തിയാണ് സർവകലാശാല ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. 2033-ഓടെ കാർബൺ പുറന്തള്ളൽ പൂർണ്ണമായും ഇല്ലാതാക്കി ‘നെറ്റ് സീറോ’ പദവി കൈവരിക്കാനാണ് ജെയിൻ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം. ഇതിനായി ഓരോ വർഷവും 10 മുതൽ 20 ശതമാനം വരെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള കർമ്മപദ്ധതികൾ സർവകലാശാല തയാറാക്കിയിട്ടുണ്ട്. സുസ്ഥിരമായ കാമ്പസ് പ്രവർത്തനങ്ങളിലൂടെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനും രാജ്യത്തെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാതൃക സൃഷ്ടിക്കാനുമാണ് ഇതിലൂടെ ജെയിൻ യൂണിവേഴ്സിറ്റി ശ്രമിക്കുന്നതെന്നും ഡോ.ടോം ജോസഫ് അഭിപ്രായപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala