തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ പ്രതിഷേധം. വാടാനപ്പള്ളിയിൽ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ സംയുക്തമായി തടഞ്ഞു. ഇതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.(Kit controversy again in Thrissur, LDF and UDF block BJP’s kit distribution in Vadanappally)
രണ്ടായിരത്തോളം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനാണ് ബിജെപി ലക്ഷ്യമിട്ടതെന്ന് എൽഡിഎഫ് ആരോപിച്ചു. ഒരു യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലാണ് വിതരണം നടന്നതെന്നും, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 1500-ഓളം കിറ്റുകൾ ഇതിനകം വിതരണം ചെയ്തതായും പറയുന്നു.
വിവരം അറിഞ്ഞ് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ കൂട്ടത്തോടെ എത്തിയതോടെയാണ് വിതരണം തടസ്സപ്പെട്ടത്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഇരു മുന്നണികളും ആരോപിച്ചു. നേരത്തെ തൃശൂർ ഒളരിയിലെ ഒരു സൂപ്പർ മാർക്കറ്റിലും സമാനമായ രീതിയിൽ കിറ്റ് വിതരണം നടന്നിരുന്നു. ആ സംഭവത്തിൽ പോലീസ് കേസെടുക്കുകയും സൂപ്പർ മാർക്കറ്റ് സീൽ ചെയ്യുകയും ചെയ്തിരുന്നു.

