

കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്സി) നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് മുൻ എംഎൽഎ പി.വി. അൻവർ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അൻവർ സാവകാശം തേടിയത്. ഇതേത്തുടർന്ന് വരും ജനുവരി 7-ന് ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.(KFC loan fraud, PV Anvar will not appear before ED today)
പി.വി. അൻവറിന്റെ ഡ്രൈവർ, ബന്ധുക്കൾ എന്നിവരുടെ പേരിലുള്ള ബെനാമി സ്ഥാപനങ്ങൾക്കായി കെഎഫ്സിയിൽ നിന്ന് 12 കോടി രൂപ വായ്പ അനുവദിച്ചതിൽ വൻ ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. ഒരേ വസ്തു തന്നെ വിവിധ ഘട്ടങ്ങളിലായി പണയം വെച്ചാണ് വായ്പകൾ കൈക്കലാക്കിയത്. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ വായ്പാ ദുരുപയോഗം നടന്നതെന്നും ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.
കെഎഫ്സിയിൽ നിന്നെടുത്ത തുക പിവിആർ ടൗൺഷിപ്പ് പദ്ധതിക്കായാണ് വിനിയോഗിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അൻവറിന്റെ ബെനാമികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് സമൻസ് അയച്ചത്.