

കൊച്ചി: 23.30 കോടി രൂപയുടെ നഷ്ടം കേരള ഫിനാൻഷ്യൽ കോർപ്പറേഷന് ഉണ്ടായെന്ന വിജിലൻസ് കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന പി.വി. അൻവറിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. കേസിൽ പരാതിക്കാരനായ കൊല്ലത്തെ വ്യവസായിയെ കൂടി കക്ഷിയാക്കി വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം.(KFC loan fraud, High Court makes complainant a party in PV Anvar's petition)
ഒരേ വസ്തു തന്നെ ഈടു നൽകി വിവിധ പേരുകളിൽ വായ്പയെടുത്ത് കെ.എഫ്.സിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസിന്റെയും ഇ.ഡി.യുടെയും കണ്ടെത്തൽ. പി.വി. അൻവർ നാലാം പ്രതിയായ കേസിൽ അദ്ദേഹത്തിന്റെ ഡ്രൈവർ സിയാദ്, കെ.എഫ്.സിയിലെ ചില ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
വിജിലൻസ് കേസിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അൻവറിനെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ ഇ.ഡി അൻവറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.