
ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ കലാശപ്പോരിലേക്ക് (Santosh Trophy). അത്യന്തം ആവേശം നിറഞ്ഞ സെമിയില്‍ മണിപ്പുരിനെ തകര്‍ത്തെറിഞ്ഞാണ് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ആധികാരിക വിജയം. ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ കേരളം ഗോള്‍മഴപെയ്യിച്ചതോടെ മണിപ്പുര്‍ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാകുകയായിരുന്നു. റോഷല്‍ ഹാട്രികുമായി തിളങ്ങിയ മത്സരത്തില്‍ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ഡിസംബര്‍ 31-ന് നടക്കുന്ന ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും.