
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കൊപ്പം ചേർന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയതിനൊപ്പം 'ഗോൾ ഫോർ വയനാട്' എന്ന പേരിൽ ഒരു ക്യാമ്പയിനും ടീം പ്രഖ്യാപിച്ചു.
'ഗോൾ ഫോർ വയനാട്' ക്യാമ്പയിൻ പ്രകാരം തുടങ്ങാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
കേരള ബ്ലാസ്റ്റേഴ്സ് ചെയർമാൻ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടർ നിഖില് ബി. നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശുശെന് വശിഷ്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് നൽകി. കൂടെ മുഖ്യമന്ത്രിക്ക് ടീം ജഴ്സി സമ്മാനിക്കുകയും മത്സരങ്ങൾ കാണാൻ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.