തിരുവനന്തപുരം: റോഡ് നിർമ്മാണം വൈകിയതിനെ തുടർന്ന് കരാറുകാരനെ പരസ്യമായി ശകാരിക്കുന്ന സി.പി.എം. നേതാവും എം.എൽ.എ.യുമായ കടകംപള്ളി സുരേന്ദ്രന്റെ വീഡിയോ പുറത്ത്. ശ്രീകാര്യം-കല്ലമ്പള്ളി റോഡിന്റെ നിർമ്മാണത്തിലെ കാലതാമസത്തിലാണ് എം.എൽ.എയുടെ രോഷപ്രകടനം. ഏഴ് മാസമായി നിർമ്മാണം നടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കടകംപള്ളിയുടെ ഇടപെടൽ.(Kadakampally publicly scolds contractor for delaying road construction)
വീഡിയോയിൽ, റോഡിലെ കുഴി മൂടാത്തതിന്റെ കാരണം കടകംപള്ളി കരാറുകാരനോട് ചോദിക്കുന്നുണ്ട്. "എന്തുകൊണ്ടാണ് കുഴി മൂടാത്തത്? നിങ്ങൾ പണി നിർത്തിവെച്ച് പോകേണ്ടിവരും. നിങ്ങൾക്ക് ഒരു കോപ്പും ഉണ്ടാക്കാൻ പറ്റില്ല," എന്ന് ദേഷ്യത്തോടെ പറയുന്നതും വീഡിയോയിൽ കാണാം.
ചെളി മാറ്റാൻ ആവശ്യപ്പെടുന്ന എം.എൽ.എ., ജെ.സി.ബി. വെച്ച് വീണ്ടും കുത്തിയിളക്കേണ്ടെന്നും കൊത്തിയെടുത്താൽ മതിയെന്നും നിർദ്ദേശം നൽകുന്നുണ്ട്. അതേസമയം, മൈക്ക് വെച്ച് കരാറുകാരനെ ശകാരിച്ചതും എം.എൽ.എയുടെ ഈ വീഡിയോ ചിത്രീകരണവും തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന വിമർശനവും സാമൂഹിക മാധ്യമങ്ങളിൽ ശക്തമാണ്.
റോഡുപണിയുമായി ബന്ധപ്പെട്ട് കരാറുകാരനെ ശകാരിച്ചത് ബോധപൂർവമല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പിന്നീട് പ്രതികരിച്ചു. ഒരു കാറെങ്കിലും പോകുന്നവിധത്തിൽ റോഡ് യാത്രായോഗ്യമാക്കണമെന്ന് കരാറുകാരനോട് പറഞ്ഞിരുന്നു. റോഡിന്റെ അവസ്ഥയെക്കുറിച്ച് വീഡിയോ തയ്യാറാക്കാനാണ് താൻ അന്ന് സ്ഥലത്ത് എത്തിയത്. കരാറുകാരനോട് ദേഷ്യപ്പെട്ടപ്പോൾ മൈക്ക് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.