പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ മന്ത്രി കെ. രാജുവും ബോർഡ് അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. കെ. ജയകുമാറിൻ്റെ കാലാവധി രണ്ട് വർഷത്തേക്കാണ്.(K Jayakumar takes charge as Travancore Devaswom Board President)
ശബരിമല സ്വർണക്കൊള്ള വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിലനിൽക്കെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കുന്നത്. വ്യാഴാഴ്ചയായിരുന്നു മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും സ്ഥാനമൊഴിഞ്ഞത്. വിവാദങ്ങൾ നിലനിന്നിരുന്നതിനാൽ യാത്രയയപ്പ് സമ്മേളനം ഒഴിവാക്കിയിരുന്നു.
ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം കെ. ജയകുമാർ അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ് (ഐഎംജി) ഡയറക്ടറായി തുടരവെയാണ് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പദവി ഏറ്റെടുത്തത്.
മുൻ പ്രസിഡൻ്റും കമ്മീഷണറുമായിരുന്ന എൻ. വാസു അടക്കമുള്ളവർ ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി, ഗുരുതരമായ ആരോപണങ്ങളിൽ കുരുങ്ങി നിൽക്കുന്ന സമയത്താണ് പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ സമിതിയുടെ പ്രവർത്തനം ഏറെ നിർണ്ണായകമാകും.