

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പിഎംശ്രീയിൽ കേരളം ഒപ്പുവെച്ചത് നല്ലകാര്യമാണെന്ന് പറഞ്ഞ സുരേന്ദ്രൻ, സിപിഐ എന്ന പാർട്ടിക്ക് കേരളത്തിൽ യാതൊരു പ്രസക്തിയുമില്ലെന്നും പരിഹസിച്ചു.(It's a good thing that Kerala has signed the PM SHRI project, says K Surendran)
"പിണറായി പറഞ്ഞാൽ ബിനോയ് വിശ്വം മുട്ടിലിഴയും. ആദ്യം കുറെ ബഹളം വെക്കും, പിന്നെ കീഴടങ്ങും," എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. മാവോയിസ്റ്റ് വെടിവെപ്പ്, എഡിജിപി അജിത് കുമാർ വിഷയം എന്നിവയിലുണ്ടായ കീഴടങ്ങലുകൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, കേന്ദ്രം നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP), എൻ.ഇ.പിയും അംഗീകരിക്കും എസ്.ഐ.ആറും നടപ്പാകുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പൗരത്വ രജിസ്റ്ററും (National Register of Citizens - NRC) കേരളത്തിൽ വരുമെന്നും, കേന്ദ്രം നടപ്പാക്കുന്നതെല്ലാം കേരളത്തിൽ നടപ്പായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഖാവ് ബിനോയ് വിശ്വം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും, എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ ആപ്തവാക്യം 'ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം' എന്നതുമാത്രമാണെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.