തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെയും പ്രീണന തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ‘ജനയുഗം’. ബിജെപി നിലപാടുകളെ പിന്തുണച്ച ബിഷപ്പുമാർക്ക് വൈകിയാണെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും ‘കണ്ടാലറിയാത്തവർ കൊണ്ടാലറിയും’ എന്ന അവസ്ഥയിലാണ് അവരെന്നും ജനയുഗം മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.(It is a good thing that BJP’s fake Christian love has been exposed, CPI mouthpiece criticizes)
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ക്രിസ്ത്യൻ സാമുദായിക പ്രീണനത്തെക്കുറിച്ച് ഇടതുപക്ഷം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന ന്യൂനപക്ഷ വേട്ടകൾ കണ്ടില്ലെന്ന് നടിച്ച് സഭാധ്യക്ഷന്മാർ ബിജെപിയെ അനുകൂലിക്കുകയായിരുന്നു. നരേന്ദ്ര മോദിയാണ് രക്ഷകനെന്ന വാഴ്ത്തുപാട്ടുകൾ അധികകാലം നിലനിൽക്കില്ലെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
സഭകളുടെ സാമ്പത്തിക സ്രോതസ്സുകൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശസംഭാവന നിയന്ത്രണ നിയമ ഭേദഗതിയാണ് സഭാധ്യക്ഷന്മാരെ ഇപ്പോൾ അങ്കലാപ്പിലാക്കിയിരിക്കുന്നത്. പള്ളികൾ നശിപ്പിക്കപ്പെടുകയും മിഷനറിമാർ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ പ്രതികരിക്കാത്തവർ, സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങളെ ബാധിക്കുമെന്ന് കണ്ടപ്പോഴാണ് ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം തിരിച്ചറിഞ്ഞതെന്ന് ജനയുഗം ആരോപിക്കുന്നു.
ബിജെപിക്ക് വേണ്ടി ക്രിസ്ത്യൻ സമുദായത്തെ വിട്ടുകൊടുക്കാൻ ശ്രമിച്ച പി.സി. ജോർജും മകനും ഇപ്പോൾ സഭാധ്യക്ഷന്മാർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ക്രിസ്ത്യാനികളെല്ലാം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് അച്ചാരം വാങ്ങിയവർക്ക്, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മറുപടി പറയേണ്ടി വരുമെന്ന ഭയമാണ്. സഭയ്ക്കും മെത്രാന്മാർക്കുമെതിരെ നികൃഷ്ടമായ പദപ്രയോഗങ്ങളാണ് ഇവർ ഇപ്പോൾ നടത്തുന്നത്. ബിജെപിയുടെ തനിനിറം വൈകിയാണെങ്കിലും വിശ്വാസികൾക്കും സഭാ നേതാക്കൾക്കും ബോധ്യപ്പെട്ടത് സ്വാഗതാർഹമാണെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

