കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എംപി സന്തോഷ് കുമാർ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിൽ എൽഡിഎഫിനെതിരെ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തിൽ പറയുന്നു.(Information on the fund for Wayanad disaster victims should be released, Santhosh Kumar MP writes to Rahul Gandhi)
ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ ഫണ്ട് ശേഖരണവും അതിന്റെ വിനിയോഗവും സംബന്ധിച്ച് പൊതുസമൂഹത്തിൽ വ്യാപകമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളിൽ നിന്ന് പിരിച്ച തുക എത്രയാണെന്നോ, അത് എവിടെയാണ് നിക്ഷേപിച്ചിട്ടുള്ളതെന്നോ, എങ്ങനെയാണ് വിനിയോഗിക്കുന്നതെന്നോ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ലെന്ന് കത്തിൽ പറയുന്നു.
വയനാട്ടിലെ മുൻ എംപി എന്ന നിലയിലും നിലവിൽ സഹോദരി പ്രിയങ്ക ഗാന്ധി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തി എന്ന നിലയിലും ഈ സംശയങ്ങൾ ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കുണ്ടെന്ന് എംപി ഓർമ്മിപ്പിച്ചു. ഫണ്ട് വിവാദത്തിന് പുറമെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് കോഴ ആരോപണത്തിലും രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് സന്തോഷ് കുമാർ ആവശ്യപ്പെട്ടു. ആരോപണവിധേയരായവർ കോൺഗ്രസിലെ ഉന്നതരാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

