

എറണാകുളം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റലറീസ് ലിമിറ്റഡ് പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബെവ്‌കോയ്ക്ക് നോട്ടീസ് അയച്ചു. കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.(Incident of seeking name and logo for liquor, High Court notice to BEVCO)
മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചത് കേരള അബ്കാരി നിയമത്തിലെ 55H വകുപ്പിന്റെയും ഇന്ത്യൻ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന്റെയും ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലഹരി ഉപഭോഗം തടയേണ്ട സർക്കാർ തന്നെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സർക്കാർ സ്ഥാപനം പൊതുജനങ്ങളെ ഇത്തരമൊരു പ്രക്രിയയിൽ പങ്കാളികളാക്കുന്നത് മദ്യപാനത്തിന് പ്രചാരണം നൽകുന്നതിന് തുല്യമാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതിൽ നിന്ന് പിന്മാറാൻ സർക്കാർ തയ്യാറാകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.