കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോൻ’ പരാമർശത്തെ പരിഹസിച്ചും വിമർശിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ആ ‘ഡാഷ്’ പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന് അത് വലിയ നാണക്കേടാകുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.(If asked again, the Chief Minister would have filled in that dash, says VD Satheesan)
ഒന്നുകൂടി ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ വാക്ക് പൂരിപ്പിച്ചേനെ. ദൈവമേ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നമ്മുടെ നാടിന് അത് എത്രത്തോളം അപമാനമാകുമായിരുന്നു എന്ന് സതീശൻ ചോദിച്ചു. പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിനുള്ളിൽ തന്നെ വലിയ എതിർപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവിട്ട് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം അതീവ ഗുരുതരമാണ്. കേരളത്തിലുണ്ടായത് മനുഷ്യനിർമ്മിത പ്രളയമാണെന്ന ആരോപണത്തിൽ ഗൗരവമായ അന്വേഷണം വേണം. ഒരേ പാർട്ടിയിലെ മന്ത്രി തന്റെ മുൻഗാമിക്കെതിരെ ഉന്നയിക്കുന്ന ആരോപണമാണിതെന്നും സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം രക്തസാക്ഷി ഫണ്ടും അഭിമന്യു ഫണ്ടും തട്ടിയെടുത്തവരാണെന്ന് സതീശൻ ആരോപിച്ചു. വയനാട്ടിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകളിൽ ആരെങ്കിലും താമസിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇടതുമുന്നണി പിഡിപിയുടെയും എസ്ഡിപിഐയുടെയും ഉൾപ്പെടെ സകല വർഗ്ഗീയവാദികളുടെയും കൂടെയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോൾ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നത് തട്ടിക്കൂട്ട് സർവ്വേക്കാരും പെയ്ഡ് സർവ്വേക്കാരുമാണ്. യഥാർത്ഥ ജനകീയ സർവ്വേ യുഡിഎഫിന് അനുകൂലമാണെന്നും സതീശൻ അവകാശപ്പെട്ടു. കെ. സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇതിനെക്കുറിച്ച് പിണറായിയുടെ പോലീസ് തന്നെ അന്വേഷിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് കൊള്ളയാണെന്നും അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചവർക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

