പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഷ്ട്രീയമായി തന്നെ തകർക്കാൻ കഴിയില്ലെന്നും നിയമപരമായ പോരാട്ടത്തിലൂടെ താൻ ഉടൻ തന്നെ മോചിതനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.(I will be out soon, Rahul Mamkootathil taken to Mavelikkara Special Jail)
പരാതിക്കാരിയുമായുള്ള ബന്ധം തനിക്ക് അനുകൂലമാക്കി മാറ്റാൻ അറിയാമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ രേഖകളും തന്റെ കൈവശം സുരക്ഷിതമാണെന്നും രാഹുൽ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പോലും വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുൻ കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ആശ്വാസം രാഹുൽ നേടിയിരുന്നെങ്കിലും മൂന്നാം പരാതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. വിദേശത്തുള്ള പരാതിക്കാരി അയച്ച ഹൃദയഭേദകമായ ശബ്ദസന്ദേശത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലാണ് അറസ്റ്റ് വേഗത്തിലാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ഭയമുണ്ടെന്ന് യുവതി സന്ദേശത്തിൽ പറഞ്ഞിരുന്നു.
സന്ദേശം കേട്ട മുഖ്യമന്ത്രി ഡിജിപിക്ക് നൽകിയ അടിയന്തര നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അറസ്റ്റ് ചെയ്യാൻ തീരുമാനമായത്. കഴിഞ്ഞ തവണത്തെ പോലെ രാഹുൽ ഒളിവിൽ പോകുന്നത് തടയാൻ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് ഓപ്പറേഷൻ നടത്തിയത്. പാലക്കാട്ടെ ഹോട്ടലിൽ അർദ്ധരാത്രി പോലീസ് എത്തുമ്പോൾ മാത്രമാണ് താൻ കസ്റ്റഡിയിലാകുമെന്ന് രാഹുൽ അറിയുന്നത്.
നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രാഹുലിനെ മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കൽ, സാമ്പത്തിക ചൂഷണം എന്നിവയാണ് ഇത്തവണത്തെ പ്രധാന കുറ്റങ്ങൾ.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിഗുരുതര പരാമർശങ്ങളുമായി പോലീസ് എഫ് ഐ ആർ. രാഹുൽ ഒരു 'സ്ഥിരം കുറ്റവാളി'ആണെന്നും എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ ശാസ്ത്രീയ തെളിവ് ഉറപ്പാക്കുന്നതിനായി രാഹുലിന്റെ രക്തസാമ്പിളുകൾ ശേഖരിച്ചു
പരാതിക്കാരിയുടെ ജീവന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു. എംഎൽഎ എന്ന പദവി ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും യുവതിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി അവരെ സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കാനും രാഹുൽ ശ്രമിച്ചേക്കാം.
നേരത്തെയുള്ള കേസുകളിൽ 10 ദിവസത്തോളം ഒളിവിൽ പോയി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ചരിത്രം പ്രതിക്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.