കൊച്ചി: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര പരിസരത്തെ 31.8 സെന്റ് ഭൂമി സാംസ്കാരിക നിലയത്തിനായി നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് ദേവസ്വം ബെഞ്ച് തടഞ്ഞത്.(High Court stays government move to give Kottarakkara temple land to municipality)
സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പാട്ടത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണെന്ന ഹർജിക്കാരുടെ വാദം പരിഗണനാർഹമാണെന്ന് കോടതി നിരീക്ഷിച്ചു.
1922 മുതൽ ഭൂമി ദേവസ്വത്തിന്റെ കൈവശമാണെന്നും ഈ ഭൂമിയിൽ അവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. വിപണി വിലയുടെ 2.5 ശതമാനം വാർഷിക വാടക നിശ്ചയിച്ച് മൂന്ന് വർഷത്തേക്കാണ് ഭൂമി നഗരസഭയ്ക്ക് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് റവന്യൂ ഭൂമിയാണെന്നാണ് സർക്കാരിന്റെ വാദം. ഹർജി വീണ്ടും മെയ് 19-ന് കോടതി പരിഗണിക്കും.

