കാൻസർ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ് | Cancer prevention

കാൻസർ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ് | Cancer prevention
Published on

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് (Cancer prevention). കാൻസർ നേരത്തെ കണ്ടെത്തുന്നതിന് സംസ്ഥാനം നടത്തുന്ന വലിയ ചുവടുവയ്പ്പാണിത്. സർക്കാർ, സ്വകാര്യ മേഖലകൾ സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ഈ കാലയളവിൽ സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 9 ലക്ഷത്തോളം പേർക്ക് കാൻസർ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ 9 ലക്ഷം പേരിൽ 1.5 ലക്ഷം ആളുകൾ മാത്രമാണ് തുടർ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. അതായത് സ്‌ക്രീനിംഗിൽ പങ്കെടുത്ത 7.5 ലക്ഷം പേരും തുടർ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നിരവധി കാരണങ്ങളാൽ പല കാൻസർ രോഗികളും അവസാന സ്റ്റേജുകളിലാണ് ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നത്. അപ്പോഴേയ്ക്കും രോഗം ഗുരുതരമാകുകയും പലപ്പോഴും മരണമടയുകയും ചെയ്യുന്നു. പല കാൻസറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനപങ്കാളിത്തത്തോടെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസർ ജനകീയ ക്യാമ്പയിന്റെ ലോഗോ പ്രകാശനം പത്തനംതിട്ടയിൽ കുടുംബശ്രീ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ബീനപ്രഭ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com