പത്തനംതിട്ട: ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡ് നടത്തുകയും കുടിശ്ശിക തീർക്കാൻ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത് 84 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. കോഴഞ്ചേരി സ്വദേശി ബിജോ മാത്യു, തിരുവനന്തപുരം സ്വദേശികളായ ഇമ്മാനുവൽ ആർ.എ, ഡെന്നിസ് ജേക്കബ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.(GST fraud disguised as IAS officers, Three-member gang arrested in Pathanamthitta)
ജി.എസ്.ടി റെയ്ഡ് നടന്നതോ ലൈസൻസ് റദ്ദായതോ ആയ സ്ഥാപനങ്ങളെക്കുറിച്ച് ഇവർ മുൻകൂട്ടി വിവരശേഖരണം നടത്തും. ആദ്യം ബിജോ മാത്യു ഇന്റലിജൻസ് സ്ക്വാഡ് ഉദ്യോഗസ്ഥനായി സ്ഥാപനങ്ങളിലെത്തും. വിശ്വാസം നേടിയ ശേഷം ഇമ്മാനുവലിനെ ഐ.എ.എസ് ഉദ്യോഗസ്ഥനായും ഡെന്നിസ് ജേക്കബിനെ ജി.എസ്.ടി കമ്മീഷണറായും അവതരിപ്പിക്കും.
പിഴയും കുടിശ്ശികയും കുറച്ചുനൽകാമെന്നും തവണകളായി അടയ്ക്കാൻ സൗകര്യം നൽകാമെന്നും പറഞ്ഞ് ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കും. നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് വിശ്വാസം ജനിപ്പിക്കുകയായിരുന്നു പതിവ്. കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ തട്ടിപ്പിന് എത്തിയ ബിജോ മാത്യുവിനെക്കുറിച്ച് ഉടമയ്ക്ക് സംശയം തോന്നിയതാണ് സംഘത്തെ കുടുക്കിയത്. ഉടമ ഉടൻ തന്നെ ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറെ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളുടെ വലിയ തട്ടിപ്പ് ശൃംഖല പുറത്തുവന്നു.