
രോഗങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു (Quality treatment). പാറശാല കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഇരുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് മാതൃ-ശിശു മരണനിരക്ക്, നവജാതശിശുമരണ നിരക്ക് എന്നിവ ഏറ്റവും കുറഞ്ഞ, ആയൂർദൈർഘ്യം ഏറ്റവും കൂടിയ സംസ്ഥാനമാണ് കേരളമെന്നും കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്ത് മികച്ച മാതൃകയായി നിലകൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളം. രോഗങ്ങൾക്ക് മുന്നിൽ കേരളത്തിലെ ഒരാളും നിസഹായരാകരുതെന്നതാണ് സർക്കാരിന്റെ നയം. 1,600 കോടി രൂപയാണ് പ്രതിവർഷം സൗജന്യ ചികിത്സക്കായി സർക്കാർ ചെലവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മലയോരമേഖലയിലെ മികച്ച ആരോഗ്യകേന്ദ്രമായി പാറശാല മാറുകയാണ്. നഗരപ്രാന്തപ്രദേശത്തേക്ക് ക്രിട്ടിക്കൽ കെയർ സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാറശാലയിൽ 50 കോടി രൂപ ചെലവഴിച്ച് ക്രിട്ടിക്കൽ കെയർ കേന്ദ്രം കാലതാമസമില്ലാതെ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും പ്രധാനമാണെന്നും ഇത് ലക്ഷ്യമിട്ടാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 100 വർഷങ്ങൾക്ക് മുൻപ് മലമ്പനിക്ക് മരുന്ന് നൽകുന്ന കേന്ദ്രമായി ആരംഭിച്ച് ഇപ്പോൾ പാറശാല മണ്ഡലത്തിലെ മികച്ച ആരോഗ്യകേന്ദ്രമായി കുന്നത്തുകാൽ ജനകീയാരോഗ്യകേന്ദ്രത്തെ മാറ്റിയെടുക്കാനായത് അഭിനന്ദനാർഹമാണ്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, തദ്ദേശസ്ഥാപനങ്ങൾ എല്ലാവരും ഒരുമനസോടെ ചേർന്ന് പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനമാണ് കേരളത്തിലേതെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു.
എൻ.എച്ച്.എം ആരോഗ്യകേരളം 2021-22 സാമ്പത്തികവർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മന്ദിരം നിർമിച്ചത്. 2.78 കോടി രൂപയാണ് നിർമാണത്തിനായി വിനിയോഗിച്ചത്. ഇതിൽ 1.66 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയവും 1.12 കോടി രൂപ സംസ്ഥാന ആരോഗ്യ വകുപ്പുമാണ് വഹിച്ചത്.
10,410 ചതുരശ്രയടി വിസ്തീർണത്തിലുള്ള രണ്ട് നിലകെട്ടിടത്തിൽ താഴത്തെ നിലയിൽ പ്രൈമറി വെയിറ്റിങ് ഏരിയ, സെക്കണ്ടറി വെയിറ്റിങ് ഏരിയ, നാല് ഒപി മുറികൾ, ഒബ്‌സർവേഷൻ മുറി, ഇഞ്ചക്ഷൻ മുറി, ഡ്രസിങ് മുറി, പ്രീ ചെക്കപ്പ് ഏരിയ, രണ്ട് നഴ്‌സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, മുലയൂട്ടൽ മുറി, ടോയ്‌ലറ്റ് എന്നിവ നിർമിച്ചിട്ടുണ്ട്. രണ്ടാമത്തെ നിലയിൽ ഓഫ്ത്താൽമോളജി റൂം, പാലിയേറ്റീവ് റൂം, രണ്ട് ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ, ടോയ്‌ലെറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ആശുപത്രി സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഇ-ഹെൽത്ത് സംവിധാനവും കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.