തിരുവനന്തപുരം: മുതിർന്ന നേതാവ് ജി. സുധാകരന്റെ പരസ്യമായ അതൃപ്തിയിൽ പ്രതികരണവുമായി എം.എ. ബേബി. സുധാകരന് ചില കാര്യങ്ങളിൽ പരിഭവമുണ്ടെന്നത് വാസ്തവമാണെന്നും എന്നാൽ സി.പി.എമ്മിനെയോ ഇടതുപക്ഷത്തെയോ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും ബേബി പറഞ്ഞു.(G Sudhakaran may be disapponted, says MA Baby)
സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അതൃപ്തിയാണ് വ്യക്തമാക്കുന്നത്. മുതിർന്ന നേതാക്കൾ അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. സുധാകരന്റെ കഴിവും ദീർഘകാലത്തെ അനുഭവസമ്പത്തും ഇടതുമുന്നണിക്ക് കരുത്തായി തുടരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ അദ്ദേഹവുമായി സംസാരിച്ചു കഴിഞ്ഞു. വിയോജിപ്പുകൾ പരിഹരിക്കാൻ പാർട്ടിക്ക് സാധിക്കുമെന്നും എം എ ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാർത്താസമ്മേളനത്തിൽ സുധാകരന്റെ പേര് പരാമർശിച്ചപ്പോൾ ഗോവിന്ദൻ ചിരിച്ചതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. തന്നെ വ്യക്തിപരമായി അവഹേളിക്കുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹം പാർട്ടി അംഗത്വം പുതുക്കില്ലെന്ന കടുത്ത നിലപാടെടുത്തത്.

