ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സീറ്റ് ലഭിക്കാതിരുന്നിട്ടും പാർട്ടി നിലപാടിനൊപ്പം നിന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിച്ച രാഷ്ട്രീയ ധാർമികത പോലും സ്വന്തം പാർട്ടിയെ ചതിച്ച ജി. സുധാകരനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജി. സുധാകരനെ വളർത്തിയതും അധികാരങ്ങൾ നൽകിയതും സിപിഐഎം എന്ന പ്രസ്ഥാനമാണെന്നും എന്നിട്ടും അദ്ദേഹം പാർട്ടിയുടെ ചങ്കിൽ കുത്തുകയാണ് ചെയ്തതെന്നും സജി ചെറിയാൻ ഓർമിപ്പിച്ചു.(G Sudhakaran betrayed the party, says Minister Saji Cherian)
സീറ്റ് ലഭിക്കാത്തതിൽ അമർഷമുണ്ടായിട്ടും ഒടുവിൽ പാർട്ടിക്ക് കീഴടങ്ങുകയാണ് കെ. സുധാകരൻ ചെയ്തത്. എന്നാൽ പാർട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് ജി. സുധാകരൻ സ്വീകരിച്ചത്. ഇത്തരക്കാരെ കൂട്ടുപിടിച്ച് ആലപ്പുഴയിൽ ജയിക്കാമെന്ന് യുഡിഎഫ് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.
എൽഡിഎഫിൽ അസ്വസ്ഥതയുള്ളവരെ കണ്ടെത്തി കൂടെക്കൂട്ടാനുള്ള യുഡിഎഫ് നീക്കം കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്നുണ്ടെന്നും എന്നാൽ ഒരാളെപ്പോലും അത്തരത്തിൽ വിസ്മയത്തിനൊപ്പം കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിൽ അർപ്പണബോധമുള്ളവർക്ക് വിലയില്ലെന്നും ആ പാർട്ടി പിരിച്ചുവിടേണ്ട സമയമായെന്നും സജി ചെറിയാൻ വിമർശിച്ചു.

