വയനാട്: ജില്ലയിലെ ജനവാസമേഖലയിൽ ഭീതി വിതച്ചിരുന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. രാവിലെ താത്തൂർ വനമേഖലയിൽ വെച്ചാണ് ദൗത്യസംഘം ആനയെ വിജയകരമായി കീഴ്പ്പെടുത്തിയത്.(Finally the wild elephant which terrorized Wayanad has been tamed, Mission successful)
വടക്കനാട്-വള്ളുവാടി മേഖലകളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ഒരു മാസം മുൻപ് വടക്കനാട് വെച്ച് ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത ആനയാണിത്. ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതിനെത്തുടർന്ന് കഴിഞ്ഞ 12 ദിവസമായി പ്രത്യേക ദൗത്യസംഘം വനത്തിനുള്ളിൽ നിരീക്ഷണം നടത്തിവരികയായിരുന്നു.
പലതവണ ആനയെ കണ്ടെത്തിയെങ്കിലും ദൗത്യസംഘത്തെ കാണുന്നതോടെ ആന കാട്ടിനുള്ളിലേക്ക് ഓടിമറയുന്നത് പിടികൂടുന്നതിന് തടസ്സമായിരുന്നു. നിലവിൽ മയക്കുവെടിയേറ്റ ആനയെ വനത്തിന് പുറത്തെത്തിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുട്ടിക്കൊമ്പനെ ലോറിയിലേക്ക് കയറ്റുന്നതിനായി കുങ്കിയാനകളെ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ആനയെ എവിടേക്ക് മാറ്റണം എന്നത് സംബന്ധിച്ച് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉടൻ തീരുമാനമെടുക്കും.

