കോട്ടയം: കേന്ദ്ര സർക്കാരിന്റെ എഫ്‌സിആർഎ നിയമ ഭേദഗതി സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. നിയമം പാലിച്ച് പ്രവർത്തിക്കുന്ന സഭയെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(FCRA amendment will suffocate the church, says Orthodox Church supreme head )
മലങ്കര സഭയുടെ മൂന്ന് പ്രധാന അക്കൗണ്ടുകൾ യാതൊരു കാരണവും വ്യക്തമാക്കാതെ കേന്ദ്രം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ രാജീവ് ചന്ദ്രശേഖറിന് കൈമാറിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിശ്വാസികൾ നൽകുന്ന നേർച്ചപ്പണത്തെപ്പോലും സംശയത്തോടെ കാണുന്നത് ശരിയല്ല. സഭകൾ നടത്തുന്ന മഹത്തായ സാമൂഹിക സേവനങ്ങളെയും മിഷൻ പ്രവർത്തനങ്ങളെയും തകർക്കുന്ന നീക്കമാണിത്.
ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പുണ്ടോ എന്ന് സംശയിക്കുന്നു. ഇക്കാര്യങ്ങൾ കേന്ദ്രത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

