പത്തനംതിട്ട: ശബരിമല അയ്യപ്പ ഭക്തിഗാനത്തെ അവഹേളിക്കുന്ന രീതിയിൽ പാരഡി നിർമ്മിച്ചതിനെതിരെ സി.പി.എം നിയമ നടപടിക്കൊരുങ്ങുന്നു. 'പോറ്റിയേ കേറ്റിയെ' എന്ന് തുടങ്ങുന്ന ഗാനം അതീവ ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു.(Extremely serious election code violation, CPM says legal action against election parody song)
തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ഭിന്നിപ്പിക്കാനും വർഗീയ ധ്രുവീകരണം നടത്താനും കോൺഗ്രസും മുസ്ലിം ലീഗും ബോധപൂർവ്വം ശ്രമിച്ചതിന്റെ ഭാഗമാണ് ഈ ഗാനമെന്ന് രാജു എബ്രഹാം പറഞ്ഞു. പവിത്രമായ ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി പാരഡി ആക്കിയത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്.
ഈ വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയ തിരുവാഭരണ പാത സംരക്ഷണ സമിതി നേതാവ് പ്രസാദ് കുഴിക്കാലയെ സി.പി.എം പിന്തുണച്ചു. കൂടുതൽ ഹൈന്ദവ സംഘടനകൾ ഈ നീക്കവുമായി സഹകരിക്കാൻ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും പാർട്ടി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ടയിലെ ചിലയിടങ്ങളിൽ പ്രചരിച്ച പാരഡി ഗാനങ്ങൾ വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.