പമ്പ: ശബരിമല സന്നിധാനത്തെ ഗോശാലയിലെ ഏഴ് വയസ്സുള്ള പശുവിന്റെ ഒടിഞ്ഞ കാൽക്കുഴയ്ക്ക് വിദഗ്ധ ചികിത്സ നൽകി. രണ്ട് ദിവസം മുൻപ് ശബരീപീഠത്തിന് സമീപത്ത് വെച്ച് പരിക്കേറ്റ കറവപ്പശുവിന്റെ വലത്തേ പിൻകാലിലാണ് ഡോക്ടർമാർ പ്ലാസ്റ്റർ ഇട്ടത്.(Expert treatment provided to 7-year-old cow's broken leg at Sabarimala)
പരിക്കേറ്റ പശു മുടന്തിയാണ് ഗോശാലയിൽ തിരികെ എത്തിയത്. ഗോശാലയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി ആനന്ദ് ഉടൻ തന്നെ പ്രഥമശുശ്രൂഷയും വേദന സംഹാരികളും നൽകി. എന്നാൽ സ്ഥിതി വഷളായതിനെ തുടർന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ദിലീപിന്റെ നിർദേശപ്രകാരം റാന്നി പെരുനാട് മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ വെറ്ററിനറി സർജൻ ഡോ. അജിത്, പത്തനംതിട്ട മൊബൈൽ സർജിക്കൽ യൂണിറ്റിലെ ഡോ. ജോർജ് മാത്യു, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ രാഹുൽ എന്നിവരടങ്ങുന്ന വിദഗ്ധ സംഘം സന്നിധാനത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ പശുവിന്റെ വലത്തേ പിൻകാലിലെ മെറ്റാടാർസൽ അസ്ഥിക്ക് 'സാൾട്ടർ ഹാരിസ് ഫ്രാക്ചർ' എന്ന രീതിയിലുള്ള ഒടിവുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് വിജയകരമായി പ്ലാസ്റ്റർ ഇടുകയും ചെയ്തു.
മൂന്നാഴ്ചക്ക് ശേഷം പ്ലാസ്റ്റർ നീക്കാമെന്നും പശുവിന് ഉടൻ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നും ഡോക്ടർമാർ അറിയിച്ചു. ശബരിമല സന്നിധാനത്തെ ഗോശാലാ ജീവനക്കാരുടെയും ദേവസ്വം അധികൃതരുടെയും കൃത്യമായ ഇടപെടലാണ് ഗോമാതാവിന് വേഗത്തിൽ ചികിത്സ ഉറപ്പാക്കാൻ സഹായിച്ചത്.