'UDFനെ വഴിയമ്പലമായി കാണരുത്, സംയമനം പാലിക്കണം': PV അൻവറിനോട് മുല്ലപ്പള്ളി രാമചന്ദ്രൻ | PV Anvar

ബേപ്പൂരിൽ അൻവർ മത്സരിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു
'UDFനെ വഴിയമ്പലമായി കാണരുത്, സംയമനം പാലിക്കണം': PV അൻവറിനോട് മുല്ലപ്പള്ളി രാമചന്ദ്രൻ | PV Anvar
Updated on

കോഴിക്കോട്: പി.വി. അൻവറിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയ നീക്കത്തിൽ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നണിയിൽ എത്തുമ്പോൾ അൻവർ പുലർത്തേണ്ട രാഷ്ട്രീയ മര്യാദകളെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫ് അവസരസേവകരുടെ അഭയകേന്ദ്രമാകരുതെന്നും അൻവർ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Exercise restraint, Mullappally Ramachandran to PV Anvar)

യുഡിഎഫിൽ എത്തുമ്പോൾ അൻവർ കടുത്ത സംയമനം പാലിക്കണം. പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകൾക്ക് വിരുദ്ധമായി സംസാരിക്കരുത്. ഐക്യ ജനാധിപത്യ മുന്നണിയുടെ അടിസ്ഥാന നിലപാടുകളോട് യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ. മുന്നണിയെ ഒരു വഴിയമ്പലമായി ആരും കാണരുത്. മുന്നണി വിപുലീകരിക്കുമ്പോൾ അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും അവസരവാദ രാഷ്ട്രീയത്തിന് യുഡിഎഫ് ഇടം നൽകരുതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

അൻവറിനെ മുന്നണിയിൽ എടുത്തതിന് പിന്നാലെ കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർ ആവേശത്തിലാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കണമെന്ന ആവശ്യവുമായി മണ്ഡലത്തിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നു കഴിഞ്ഞു. അൻവറിനെ സ്വാഗതം ചെയ്യുന്ന ബോർഡുകൾ പ്രാദേശിക യുഡിഎഫ് പ്രവർത്തകരുടെ പിന്തുണ വ്യക്തമാക്കുന്നതാണ്.

മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പി.വി. അൻവറിനെയും സി.കെ. ജാനുവിനെയും യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യുഡിഎഫ് സജീവമാക്കി. ഫെബ്രുവരി മാസത്തിനുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കും.

Related Stories

No stories found.
Times Kerala
timeskerala.com